വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും; തീരുമാനം പ്രധാനമന്ത്രിയും സംയുക്ത സൈനികമേധാവിയും നടത്തിയ കൂടിക്കാഴ്ചയില്‍

വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും; തീരുമാനം പ്രധാനമന്ത്രിയും സംയുക്ത സൈനികമേധാവിയും നടത്തിയ കൂടിക്കാഴ്ചയില്‍

ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഇതിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുക. വീടിന് സമീപമുളള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയോഗിക്കുക. ഡോക്ടര്‍മാര്‍ക്ക് പുറമെ വിരമിച്ച മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും കോവിഡ് പോരാട്ടത്തില്‍ ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ കണ്‍സള്‍ട്ടേഷനായി ഇവരെ ചുമതലപ്പെടുത്തുമെന്ന് ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു.

സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും. കര, നാവിക, വ്യോമസേനാ ആസ്ഥാനങ്ങളിലെഎല്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും ആശുപത്രികളില്‍ നിയോഗിക്കും. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈന്യം മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Share this story