തിരഞ്ഞെടുപ്പ് വിജയം; മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരഞ്ഞെടുപ്പ് വിജയം; മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി കേരളം പിടിച്ചതിന് പിന്നാലെയാണ് അഭിനന്ദനം. 99 സീറ്റെന്ന ആധികാരിക വിജയവുമായി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി. സംസ്ഥാനമാകെ അലയടിച്ച ഇടതുതരംഗത്തില്‍ അടിപതറിയ യു.ഡി.എഫ് 41 സീറ്റിലേക്ക് ചുരുങ്ങി.

ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ തകര്‍ന്നടിഞ്ഞു. മത്സരിച്ച രണ്ട് മണ്ഡലത്തിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തോറ്റു. മഞ്ചേശ്വരത്ത് രണ്ടാമതെത്തിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാമതായി. ഇ.ശ്രീധരനെ ഇറക്കിനടത്തിയ പരീക്ഷണവും ഫലംകണ്ടില്ല. നേമത്ത് കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിക്കും ലക്ഷ്യംകാണാനായില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യുഡിഎഫ് വന്‍ തിരിച്ചടി നേരിട്ടു. വടകരയില്‍ കെ.കെ.രമ കരുത്തുതെളിയിച്ചു. മലപ്പുറത്തെ കോട്ടകളായ മണ്ഡലങ്ങളില്‍ വിജയിച്ചപ്പോഴും ലീഗിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. നിയമസഭയിലേക്ക് ആദ്യ മല്‍സരത്തിനിറങ്ങിയ ട്വന്റി 20 കൂട്ടായ്മക്ക് മല്‍സരിച്ച എട്ടിടങ്ങളില്‍ ഒരിടത്തും കരുത്തുതെളിയിക്കാനായില്ല.

Share this story