ഇന്ത്യ മൂന്നാമതൊരു കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും: എയിംസ് മേധാവി

ഇന്ത്യ മൂന്നാമതൊരു കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും: എയിംസ് മേധാവി

ന്യൂഡൽഹി: രാജ്യത്ത് മൂന്നാമതൊരു കൊറോണ തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. രാജ്യത്ത് കൊറോണ കേസുകൾ ഇനിയും വർധിക്കുകയാണെങ്കിൽ ഇന്ത്യ മൂന്നാമതൊരു കൊറോണ തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ കൂടുതൽ പേരിലേക്ക് വാക്സിനേഷൻ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാരാന്ത്യ ലോക്ക്‌ഡൗൺ, രാത്രികാല കർഫ്യൂ എന്നിവ കൊണ്ട് കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാനാവില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യവ്യാപകമായ അടച്ചുപൂട്ടൽ കൊണ്ട് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് സഹായകരമായിരിക്കും . രോഗവ്യാപനത്തിന്റെ തോത് കുറക്കാൻ, ഓക്സിജൻ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണാൻ ഒക്കെ ഇതു സഹായിക്കും. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് . അതിൽ ആദ്യത്തേത് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതാണ് . ശേഷം കൊറോണ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. പിന്നെ വളരെ പെട്ടെന്ന് വാക്സിനേഷൻ വ്യാപിപ്പിക്കണം . ഈ മാർഗ്ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു .

Share this story