ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍; കാറ്റടിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തുവരുന്നതായി പ്രദേശവാസികള്‍

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍; കാറ്റടിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തുവരുന്നതായി പ്രദേശവാസികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഗംഗയുടെ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുന്‍പ് യുപിയിലെ ഉന്നാവോ ജില്ലയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചില മാസമായി പ്രദേശത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതായി പ്രദേശവാസികള്‍ അറിയിക്കുന്നു. മൃതദേഹങ്ങള്‍ മൂടുന്ന മണല്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ പുറത്തുവരുന്നതായും ഈ മൃതദേഹ അവശിഷ്ടങ്ങള്‍ പക്ഷികളും നായ്ക്കളുടെ ഭക്ഷിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനത്തിന് കാരണമാകാം എന്നതിനാല്‍ നിലവിലെ സാഹചര്യം പ്രദേശവാസികളില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം, ശരിയായ രീതിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ പോലും സാധിക്കാത്ത പാവപ്പെട്ടവരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. കുറഞ്ഞത് 400 മുതല്‍ 500 മൃതദേഹങ്ങള്‍ വരെ പ്രദേശത്ത് അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച യുപിയിലെ ഗാസിപൂരിലും ബീഹാറിലെ ബുക്സറിലും അഴുകിയ മൃതദേഹങ്ങള്‍ ഗംഗയില്‍ പൊങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രയാഗ്‌രാജ് ജില്ലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കണ്ടെത്തിയത് കൊവിഡ് രോഗികളുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 1,93,815 കൊവിഡ് രോഗികളാണ് ഉത്തര്‍പ്രദേശില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,957 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 165 പുതിയ കേസുകളും ഒമ്പത് മരണങ്ങളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Share this story