വിപണിയില്‍ 500-ന്റെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്

വിപണിയില്‍ 500-ന്റെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിപണിയില്‍ കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടും. എന്നാല്‍ പൊലീസോ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ല.

നിലവില്‍ വിപണിയിലുള്ള കറന്‍സികളില്‍ 68.4 ശതമാനമാണ് 500 രൂപ നോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ല്‍ 28740 വ്യാജ കറന്‍സികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും.

2018 നെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ധനവായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം കൊച്ചി പൊലീസ് കണ്ടെത്തിയത് 1.8 കോടിയുടെ വ്യാജ കറന്‍സിയാണ്. അസമിലെ ദിബ്രുഗഡില്‍ നിന്ന് 26 ലക്ഷത്തിന്റെ കള്ളനോട്ടും കണ്ടെത്തി.

Share this story