കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം; രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം; രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളില്‍ രോഗം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനെതിരെയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

‘കുട്ടികളിലെ കോവിഡ് രോഗബാധയെ കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കുട്ടികള്‍ പൊതുവേ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അണുബാധയേറ്റാല്‍ പോലും കുറഞ്ഞത് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്’. നിലവില്‍ കുട്ടികളില്‍ രോഗബാധ ഗുരുതരമാകാത്തത് ആശ്വാസം നല്‍കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Share this story