ഗുജറാത്തിൽ ബി.ജെ.പിയിൽ നിന്ന് കൂട്ടരാജി: രണ്ട് ദിവസത്തിനിടെ എ.എ.പിയിൽ ചേർന്നത് 300 പേർ

ഗുജറാത്തിൽ ബി.ജെ.പിയിൽ നിന്ന് കൂട്ടരാജി: രണ്ട് ദിവസത്തിനിടെ എ.എ.പിയിൽ ചേർന്നത് 300 പേർ

ബി.ജെ.പിയിൽ നിന്ന് ആംആദ്മി പാർട്ടിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്. 300 ഓളം ബി.ജെ.പി പ്രവർത്തകരാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി എ.എ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ നിന്ന് 35ലധികം യുവ അംഗങ്ങൾ കഴിഞ്ഞ ദിവസം എ.എ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ഇത്രയും പേർ പാർട്ടി വിടുന്നത്. ബി.ജെ.പിയുടെ യുവനേതാവ് ഭാവേഷ് രാധയ്യയുടെ നേതൃത്വത്തിൽ 200 ഓളം പ്രവർത്തകരാണ് ഞായറാഴ്ച മാത്രം പാർട്ടി വിട്ടത്.

അഞ്ച്-പത്ത് വർഷമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നവരാണ് എ.എപിയില്‍ ചേര്‍ന്നതെന്ന് എ.എ.പി വക്താവ് യോഗേഷ് ജദുവാനി പറഞ്ഞു. സൂറത്ത് സിറ്റിയിലെ കതോടര ഗ്രാമത്തിൽ നിന്ന് 100 ബി.ജെ.പി അംഗങ്ങൾ തിങ്കളാഴ്ച പാർട്ടിവിട്ടു. അതേസമയം ഇത്രയും അംഗങ്ങൾ പാർട്ടി വിട്ടത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൂറത്ത് സിറ്റി ബി.ജെ.പി പ്രസിഡന്റ് നിരഞ്ജൻ യൂത്ത് സെല്ലിനോട് ആവശ്യപ്പെട്ടു.

പാർട്ടിയിൽ ഒതുക്കപ്പെടുകയാണ്. പുതിയ അംഗങ്ങൾക്കാണ് ചുമതലകൾ നൽകുന്നത്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രവർത്തനം മികച്ചതാണെന്നും പാർട്ടി വിട്ട വിപുൽ ശഖിയ പറഞ്ഞു. ഞങ്ങള്‍ രാജികത്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story