ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ന്യൂ ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് യു.കെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. നിലവിലെ കോവിഡിന്റെ ചികിത്സ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമാകില്ലെന്നും ഇന്ത്യയില്‍ രണ്ടാം വ്യാപനം അതിരൂക്ഷമാകാന്‍ കാരണം വൈറസ് വകഭേദം ആകാമെന്നും പഠനം വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്ത് നാല് സംസ്ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും കഴിഞ്ഞ ആറ് ആഴ്ചകൾക്കിടെ കോവിഡ് മരണസംഖ്യ ഇരട്ടിയായി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം ചില സംസ്ഥാനങ്ങളിൽ മരണസംഖ്യ നാല് മടങ്ങോളം കൂടിയതായും വ്യക്തമാകുന്നു. പശ്ചിമബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, ത്രിപുര എന്നിവിടങ്ങളിലാണ് മരണനിരക്ക് കുറവുള്ളത്.

Share this story