ഇന്ധനവില വര്‍ധനവിന് കാരണം മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്രസർക്കാർ

ഇന്ധനവില വര്‍ധനവിന് കാരണം മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനവില വർധിക്കുന്നതിന് കാരണം യു.പി.എ സര്‍ക്കാരാണെന്ന് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. 2004-2014 യു.പി.എ ഭരണത്തിൽ ‘ഓയില്‍ ബോണ്ട്​’ ഉപയോഗിച്ച്‌ മുന്‍ പ്രധാനമന്ത്രി​ മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണ്​ വില വര്‍ധനക്ക്​ കാരണമെന്ന്​ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.

ഇന്ധനമേഖലയില്‍ സബ്​സിഡിക്ക്​ വേണ്ടി യു.പി.എ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്​ സബ്​സിഡി നല്‍കുന്നതിനായിരുന്നു ഇത്തരം ബോണ്ടുകള്‍. ഓയില്‍ ബോണ്ട്​ കടപത്രം ഇറക്കി യു.പി.എ സര്‍ക്കാര്‍ കടബാധ്യത വരുത്തിവെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ഈ വര്‍ഷം 1,30,701 കോടി രൂപ കടപത്രത്തിന്‍റെ കടം വീട്ടണം. അതില്‍ 10,000 കോടി രൂപ​ അവര്‍ക്ക്​ പലിശ നല്‍കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബന്ധപ്പെട്ട സര്‍ക്കാറും ഉദ്യോഗസ്​ഥരും സാമ്പത്തിക ഉപദേശകരും റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍മാരുമെല്ലാം ഇതിന്‍റെ ഉത്തരവാദികളാണ്​. തുടര്‍ന്നുവന്ന സര്‍ക്കാറിന് കടപത്രത്തിന്‍റെ ഭാരവും കൈമാറി. രാഷ്​ട്രീയക്കാരല്ലാത്തവര്‍ നടത്തിയ കൃത്യവിലോപത്തിന്‍റെ ഉത്തരവാദിത്തം രാഷ്​ട്രീയക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും പറയുന്നു.

ചെറിയ തുകയല്ല ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്​. അതിനാല്‍ തന്നെ സര്‍ക്കാര്‍ സാമ്പത്തിക പരിപാടികളില്‍ അവയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ഏഴുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടപത്രത്തിന്‍റെ 70,000 കോടിയുടെ പലിശ മാത്രം കൊടുത്തുതീര്‍ത്തു. എന്നാല്‍, ഇത്തവണ കോവിഡ്​ പ്രതിരോധത്തിനായി മാറ്റിവെച്ചത്​ 35,000 കോടി മാത്രമാണെന്നതാണ്​ ഇതിന്‍റെ വിരോധാഭാസമെന്നും വ്യക്തമാകുന്നു.

Share this story