ജോഷിമഠിലെ വിള്ളലിന് കാരണം എൻടിപിസി തുരങ്കമല്ലെന്ന് കേന്ദ്രം; പരിസ്ഥിതി പ്രവർത്തകരുടെ വാദം തള്ളി

joshimath

ജോഷിമഠിലെ വിള്ളലിന് കാരണം എൻ.ടി.പി.സി നിർമ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവർത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം കേന്ദ്രസർക്കാർ തള്ളി.  നേരത്തെ തപോവൻ വിഷ്ണുഗാഡ് പദ്ധതിയിലേക്കുള്ള തുരങ്ക നിർമ്മാണമാണ് വിള്ളലിന് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാറിന് അയച്ച കത്തിലാണ് കേന്ദ്ര ഊർജ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

എൻ.ടി.പി.സിയുടെ ടണൽ ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഊർജമന്ത്രാലയം വിശദീകരിക്കുന്നു. ഇടക്കിടെയുണ്ടാവുന്ന കനത്ത മഴയും വലിയ തോതിൽ നഗരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമാണ് പ്രതിഭാസത്തിന് കാരണമെന്നും ഊർജമന്ത്രാലയം വിശദീകരിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

കത്ത് ആഭ്യന്തര മന്ത്രാലയത്തിന് കൂടി അയച്ച ശേഷം ഉത്തരാഖണ്ഡ് സർക്കാറിന് കൈമാറുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, എൻ.ടി.പി.സിയുടെ നിർത്താതെയുള്ള തുരങ്ക നിർമ്മാണമാണ് ജോഷിമഠിലെ വിള്ളലിന് കാരണമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.

Share this story