മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

Mullaperiyar Dam

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. പരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്ന ഡോ. ജോ ജോസഫാണ് പുതിയ അപേക്ഷ സമർപ്പിച്ചത്.

കേന്ദ്ര ജലകമ്മീഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രാജ്യത്തെ എല്ലാ പ്രധാന ഡാമുകളിലും സുരക്ഷാ പരിശോധനകൾ 10 വർഷത്തിലൊരിക്കൽ നടത്തണം. എന്നാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷാ പരിശോധന അവസാനമായി നടത്തിയത് 2010-11ലാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്നാൽ അതിന് ശേഷം കേരളത്തിൽ രണ്ട് പ്രളയങ്ങൾ ഉണ്ടായെന്നും അപേക്ഷയിൽ പറയുന്നു.

1979ലും 2011ലും ഉണ്ടായ ചെറിയ ഭൂകമ്പങ്ങൾ ഡാമിൽ വിള്ളലുകൾക്ക് കാരണമായി. അണക്കെട്ടിന് ഘടനാപരമായ ബലഹീനതയുണ്ടെന്നും തകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആറ് അണക്കെട്ടുകൾ ഘടനാപരമായി ദുർബലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നാലെണ്ണം ഇതിനകം ഡീകമ്മീഷൻ ചെയ്തു കഴിഞ്ഞു.

മുല്ലപ്പെരിയാർ ഡാമും ചിമ്പാവിയിലെ മറ്റൊരു അണക്കെട്ടും മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് അഡ്വ.ടി.ജി.എൻ നായർ മുഖേന സമർപ്പിച്ച അപേക്ഷയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷ ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.

Share this story