തരൂരിന്റേത് കൂട്ടായ തീരുമാനമല്ല; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജി 23യുടെ പിന്തുണ ലഭിക്കില്ല

tharoor

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിന് ജി23 നേതാക്കളുടെ പിന്തുണയില്ല. ജി 23 നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ശശി തരൂർ തങ്ങളുടെ സ്ഥാനാർഥിയല്ലെന്ന് ഗ്രൂപ്പ് 23 അറിയിച്ചത്. തരൂരിന്റേത് കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ലെന്നാണ് നേതാക്കൾ പറയുന്നത്.

ശശി തരൂരിനെതിരെ കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭും രംഗത്തുവന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവന. ആശുപത്രി കിടക്കയിൽ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി. വല്ലഭിന്റെ പ്രസ്താവനക്ക് പിന്നാലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചു.

ഗാന്ധി കുടുംബത്തിന്റെ നോമിനിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് മത്സരിക്കുന്നത്. ഗെഹ്ലോട്ട് തന്നെ ഇക്കാര്യം ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഗെഹ്ലോട്ട് അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റ് എത്തിയേക്കും.
 

Share this story