സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വാർത്ത നൽകിയാൽ നടപടി: യോഗി സർക്കാരിന്റെ പുതിയ നിർദേശം

Yogi

ഉത്തർപ്രദേശിൽ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സർക്കാരിനെതിരായ വാർത്തകൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഡിവിഷണൽ കമ്മീഷണർമാരോടും ജില്ലാ മജിസ്‌ട്രേറ്റുമാരോടും സർക്കാർ ഉത്തരവിട്ടു. അവരവരുടെ അധികാരപരിധിയിലുള്ള ദിനപത്രങ്ങളിലും മാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാർത്തകളെക്കുറിച്ച് അന്വേഷിക്കാനാണ് നിർദേശം. 

അടിയന്തര പ്രാധാന്യമുള്ള നിർദേശം എന്ന നിലക്കാണ് കത്ത് കൈമാറിയത്. ദിനപത്രങ്ങളിലും മാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാർത്തകൾ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റാണ് സമാഹരിക്കുക. ഇത്തരം വാർത്തകളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ സർക്കാറിന് അപകീർത്തികരമാണെങ്കിൽ ഉടനടി അന്വേഷിക്കണം.

ഏതെങ്കിലും സംഭവം വസ്തുതകൾ വളച്ചൊടിച്ചോ തെറ്റിദ്ധരിപ്പിച്ചോ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ തകർക്കാൻ അവതരിപ്പിച്ചതായി അറിഞ്ഞാൽ വ്യക്തത ആരാഞ്ഞ് ബന്ധപ്പെട്ട മാധ്യമങ്ങളുടെ മാനേജ്മെന്റിന് ജില്ലാ മജിസ്ട്രേറ്റ് നോട്ടീസ് നൽകണം. ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിനും ഇതിന്റെ ഒരു പകർപ്പ് കൈമാറണം. ഇത്തരം വാർത്തകളുടെ വിശദാംശങ്ങൾ ജില്ലാ മജിസ്ട്രേറ്റുമാർ ഐജിആർഎസ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.

Share this story