നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

Khushbu

ന്യൂഡൽഹി: നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്‍റെ ഫലമാണ് ഈ സ്ഥാനലബ്ധിയെന്നു തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് അണ്ണാമലൈ പ്രതികരിച്ചു.

1980-ൽ ബേണിങ് ട്രെയ്ൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. പ്രഭുവിനൊപ്പം ചിന്നത്തമ്പി പോലെയുള്ള സിനിമകൾ എത്തിയതോടെ ഖുശ്ബുവിന്‍റെ താരമൂല്യം ഇരട്ടിച്ചു. ഒരു കാലത്തു തമിഴിലെ മുൻനിര നായികയായിരുന്ന ഖുശ്ബുവിന്‍റെ പേരിൽ ആരാധകർ ക്ഷേത്രം നിർമിച്ചിട്ടുണ്ട്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 2020-ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ എത്തി. ടെലിവിഷന്‍ അവതാരക കൂടിയായ ഖുശ്ബു സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. ബിജെപിയുടെ താരപ്രചാരക കൂടിയാണ് ഖുശ്ബു.

Share this story