അദാനി വിവാദം: വിദഗ്ധ സമിതി രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദം തുടരുന്നതിനിടെ വിഷയം അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ കമ്പനികളെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിദഗ്ധ സമിതി അന്വേഷിക്കും. സമിതിയിലെ അംഗങ്ങളുടെ പേരുവിവരങ്ങള്‍ ബുധനാഴ്ചയോടെ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിക്ക് കൈമാറും. കേസില്‍ അടുത്ത വാദം വെള്ളിയാഴ്ച നടക്കും.
അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ വാദങ്ങളുടെ പട്ടികയും ഹര്‍ജിക്കാര്‍ക്ക് നല്‍കും. രേഖകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിക്കായി നിര്‍ദേശിച്ച പേരുകളുടെ പട്ടിക മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് സുപ്രീംകോടതിയാണ് ആവശ്യപ്പെട്ടത്.
കോടതി രൂപീകരിച്ച സമിതിയോട് എതിര്‍പ്പില്ല
സെബിക്കും മറ്റ് നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണ ശേഷിയും പ്രാപ്തവുമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു. എന്നാല്‍ കോടതി ഒരു കമ്മിറ്റി രൂപീകരിച്ചാലും സര്‍ക്കാരിന് എതിര്‍പ്പില്ല.സമിതിയില്‍ ആരെ ഉള്‍പ്പെടുത്താമെന്ന് ബുധനാഴ്ചയ്ക്കകം സര്‍ക്കാര്‍ പറയണമെന്ന് കോടതി തുഷാര്‍ മേത്തയോട് പറഞ്ഞു.
നിലവിലുള്ള നിയന്ത്രണ സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് കോടതി നിയമിച്ച പുതിയ സമിതി നിര്‍ദേശിക്കും. കൂടാതെ, നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നതും സമിതി പരിശോധിക്കും.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം
അഭിഭാഷകനായ വിശാല്‍ തിവാരിയും അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് രാജ്യത്തിന്റെ യശസ്സുമായി ബന്ധപ്പെട്ടതാണെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിശാല്‍ തിവാരി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തണം. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം, അദാനി-ഹിന്‍ഡന്‍ബര്‍ഗ് തര്‍ക്കത്തില്‍ ഷോര്‍ട്ട് സെല്ലിംഗിന്റെ ഗൂഢാലോചനയും അദ്ദേഹം ആരോപിച്ചു.
'അദാനിയെക്കുറിച്ച് ശ്രദ്ധിച്ച് വാദിക്കുക, ഓഹരി വിപണിയെ ബാധിക്കും'
നേരത്തെ, ഫെബ്രുവരി 10 ന് വാദം കേള്‍ക്കുമ്പോള്‍, ഈ റിപ്പോര്‍ട്ട് നല്‍കിയ വ്യക്തിക്ക് (ഹിന്‍ഡന്‍ബര്‍ഗ്) നേട്ടമുണ്ടായതായി ഹരജിക്കാരനായ എം എല്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. 'നിക്ഷേപകരെ സംരക്ഷിക്കുകയാണോ നിങ്ങളുടെ ഹര്‍ജിയുടെ ലക്ഷ്യം?നിക്ഷേപകരെയും വിപണികളെയും സ്വാധീനിക്കാന്‍ കഴിയുന്ന എന്തെങ്കിലും പറയാന്‍ ദയവായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കരുത്. സുപ്രീം കോടതിയില്‍ പറയുന്ന ഓരോ വാക്കുകളും വിപണിയുടെ വികാരത്തെ ബാധിക്കും. എന്താണ് പറയുന്നതെന്ന് ചിന്തിച്ച് സംസാരിക്കുക.', ചീഫ് ജസ്റ്റിസ് പറഞ്ഞു. വിപണിയെ വികാരം ബാധിക്കുമെന്നായിരുന്നു ശര്‍മയുടെ മറുപടി.
'സെബി വിഷയം അന്വേഷിക്കുകയാണ്'
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ എന്താണ് നല്‍കിയിരിക്കുന്നതെന്ന് ഞങ്ങള്‍ പറയാമെന്ന് വാദത്തിനിടെ അഭിഭാഷകന്‍ വിശാല്‍ തിവാരി പറഞ്ഞു. ഷോര്‍ട്ട് സെല്ലിംഗ് പരിശോധിക്കാന്‍ കോടതി ഒരു സമിതിയെ നിയോഗിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പിന്നാലെ ഇക്കാര്യം സെബി പരിശോധിച്ചുവരികയാണെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് നിങ്ങളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരൂ എന്ന് ബെഞ്ച് പറഞ്ഞു.ഇതൊരു സിവില്‍ റിട്ട് പെറ്റീഷന്‍ ആണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.
അദാനിക്ക് തിരിച്ചടി
ജനുവരി 24 നാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഓഹരിവിപണിയെ പോലും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ ആഗോള ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ഗൗതം അദാനി ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായി.
കൂടാതെ വെറും രണ്ടാഴ്ച കൊണ്ട് അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഗ്രൂപ്പിന്റെ ഓഹരികള്‍ ഇപ്പോഴും ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതിനിടെ അദാനിക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ റിപ്പോര്‍ട്ട് രാഷ്ട്രീയപരമായും വലിയ കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍ സ്റ്റോക്ക് കൃത്രിമം സംബന്ധിച്ച ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് പറഞ്ഞ് തള്ളിക്കളയുകയാണ് അദാനി ഗ്രൂപ്പ് ചെയ്തത്.