സെൽഫിയെടുത്ത് ആദിത്യ എൽ വൺ; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ഇന്ത്യയുടെ ആദ്യ സൂര്യപര്യവേഷണം പേടകമായ ആദിത്യ എൽ 1 പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഒരു സെൽഫിയും ഒപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആദിത്യ പകർത്തിയ സെൽഫിയിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫും (വിഇഎൽസി), സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ്പും (എസ്യുഐടി) വ്യക്തമായി കാണാം.
സൂര്യന്റെ പ്രത്യേകതകൾ പഠിക്കാനായി ആദിത്യ എൽ 1ൽ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും. സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ 1 വിക്ഷേപിച്ചത്. പി എസ് എൽ വി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം.
ഇതിനോടകം രണ്ട് തവണയാണ് ആദിത്യ എൽ 1 ഭ്രമണപഥം ഉയർത്തിയത്. 125 ദിവസം യാത്രചെയ്താവും ആദിത്യ ലെഗ്രാഞ്ച് പോയന്റിൽ എത്തുക. അവിടെ നിലയുറപ്പിച്ച് 14.85 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ നിരീക്ഷിക്കുകയാണ് ലക്ഷ്യം.