കാശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു; രണ്ട് ഭീകരരെ വധിച്ചു
Aug 22, 2023, 08:39 IST

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റശ്രമം സുരക്ഷാ സേന തകർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സേന വധിച്ചു. ബാലകോട്ടിലെ ഹാമിപൂർ അതിർത്തി പ്രദേശത്ത് കൂടിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിച്ചത്.
അതിർത്തിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണരേഖയിൽ സൈന്യം തെരച്ചിൽ നടത്തിയത്. ഭീകരർ വെടിവെച്ചതോടെ സേന തിരിച്ചടിച്ചു. വിപുലമായ തെരച്ചിലിന് പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എ.കെ 47 തോക്കുകൾ, 30 റൗണ്ട് വെടിയുണ്ട, രണ്ട് ഹാൻഡ് ഗ്രനേഡ് തുടങ്ങിയവയും ഭീകരരിൽ നിന്ന് കണ്ടെടുത്തു.