ചെളി വാരിയെറിയുന്തോറും താമര വളരും, സുഗന്ധം പരത്തും: അമിത് ഷാ

കോൺഗ്രസും ആംആദ്മിയും എത്രത്തോളം ചെളി വാരിയെറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ ബിദർ ജില്ലയിൽ വിജയ് സങ്കൽപ് രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം. അതുകൊണ്ട് തന്നെ നിങ്ങൾ മോദിക്ക് നേരെ എത്ര ചെളി എറിയുന്നുവോ അത്ര തന്നെ താമര വിരിയും
കോൺഗ്രസിനെയും ജെഡിഎസിനെയും രാജവംശ പാർട്ടികളെന്ന് വിശേഷിപ്പിച്ച അമിത് ഷാ അഴിമതിയിൽ ഒന്നാം സ്ഥാനത്താണ് ഈ പാർട്ടികളെന്നും പറഞ്ഞു. എഫ്ഡിഐ സൗഹൃദ ബിജെപിക്ക് വോട്ട് ചെയ്യണോ അതോ അഴിമതിയിൽ ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസിനും ജെഡിഎസിനും വോട്ട് ചെയ്യണോ എന്ന് നിങ്ങൾ തീരുമാനിക്കണം.
കുടുംബങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടികൾക്ക് കർണാടകക്ക് നല്ലത് ചെയ്യാനാകില്ല. കർണാടകയിലെ പാവപ്പെട്ടവരുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കാൻ കുടുംബ താത്പര്യത്തിന് മുകളിൽ ഉയരാൻ അവർക്ക് കഴിയില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ജനങ്ങളെ കുറിച്ച് ആശങ്കയുള്ളുവെന്നും അമിത് ഷാ പറഞ്ഞു