വനിതാ കോൺസ്റ്റബിളിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ബിഹാറിൽ ജെഡിയു നേതാവ് അറസ്റ്റിൽ

jdu

ബിഹാറിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ജെഡിയു നേതാവ് അറസ്റ്റിൽ. ബിഹാറിലെ സഹർസയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നവംബർ ഒന്നിന് രാത്രിയാണ് സംഭവം നടന്നത്. 

നവംബർ ഒന്നിന് രാത്രി പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട ചിലരെ പോലീസ് തടഞ്ഞിരുന്നു. എന്നാൽ ഇവർ പോലീസ് ബാരിക്കേഡ് തകർത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

പ്രതികളെ ജെഡിയു നേതാവ് ചുന്ന മുഖിയ ഒളിപ്പിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ടയുടൻ മുഖിയയും അനുയായികളും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് മുഖിയ ഒരു ബക്കറ്റ് നിറയെ പെട്രോൾ എടുത്ത് വനിതാ കോൺസ്റ്റബിളിന് നേരെ ഒഴിച്ചു.

തീപ്പെട്ടി എടുക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും കോൺസ്റ്റബിളിനെ തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. പൊലീസ് സാഹസികമായാണ് ജെഡിയു നേതാവിനെ പിടികൂടിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
 

Share this story