അരിക്കൊമ്പൻ ഹർജിയുമായി പോയവർക്ക് തിരിച്ചടി; 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

supreme court

അരിക്കൊമ്പനെ മയക്കുവെടി വെക്കരുതെന്നും ആവശ്യപ്പെട്ട് സമീപിച്ച ഹർജിക്കാർക്ക് പിഴയിട്ട് സുപ്രീം കോടതി. 25,000 രൂപയാണ് സുപ്രീം കോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാത്പര്യ ഹർജി വരുന്നതായി കോടതി വിമർശിച്ചു. ആന കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾക്ക് എന്തിന് അറിയണമെന്നും കോടതി ചോദിച്ചു

വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജിയുമായി പോയി പിഴയും വാങ്ങി വന്നത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനക്ക് പരുക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വെക്കരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ നിരന്തരം വരുന്ന ഹർജികളിൽ കോടതി കടുത്ത നീരസം പ്രകടിപ്പിച്ചു.
 

Share this story