വന്ദേഭാരതിന്റെ ശുചിമുറിയിൽ ബീഡി വലി; ട്രെയിനിൽ പുക നിറഞ്ഞ് പരിഭ്രാന്തിയും: യാത്രക്കാരൻ അറസ്റ്റിൽ

വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറി ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ട്രയിനിൽ പുക ഉയർന്നതോടെ തീപിടിച്ചതാണെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാൾ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു
ഇതിനിടെയാണ് യാത്രക്കാരന് ബീഡി വലിക്കണമെന്ന് തോന്നിയത്. പുക ഉയർന്നതോടെ അലറാം മുഴങ്ങി. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. പിന്നാലെ ട്രെയിൻ നിർത്തിയിടേണ്ടി വന്നു. ആന്ധ്രയിലെ ഗുഡൂരിൽ വെച്ചാണ് സംഭവം. അപായ അലറാം മുഴങ്ങിയപ്പോൾ ട്രെയിനിലെ അഗ്നിനിയന്ത്രണ സംവിധാനം പ്രവർത്തിക്കുകയും പുക പുറന്തള്ളാനും ആരംഭിച്ചു. ഇതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്.
ശുചിമുറിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരനെ ജനൽ ചില്ല് തകർത്താണ് പിടികൂടിയത്. തുടർ നടപടികൾക്കായി ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.