മരണ മൊഴി ആധാരമാക്കി ശിക്ഷിക്കാൻ എപ്പോഴും സാധിക്കില്ല: സുപ്രീം കോടതി

supreme court

ന്യൂഡൽഹി: കൊലപാതക കേസുകളിലെ ഇരകളുടെ മരണ മൊഴി മാത്രം അടിസ്ഥാനമാക്കി എപ്പോഴും പ്രതികളെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. മൊഴിയുടെ കൃത്യതയെക്കുറിച്ച് സംശയമുയരുന്ന കേസുകളെക്കുറിച്ചാണ് പരാമർശം.

2014ൽ മൂന്നു പേരെ കൊന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയുടെ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.

മരണാസന്നരായ വ്യക്തികൾ കളവ് പറയില്ലെന്ന സങ്കൽപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് മരണ മൊഴി പൊതുവേ വിശ്വാസ്യമായി പരിഗണിച്ചുവരുന്നത്. കൊലപാതക കേസുകളിൽ വിധി പറയാൻ മരണമൊഴികളെ ആശ്രയിക്കുമ്പോൾ കോടതികൾ അതീവ ശ്രദ്ധ പുലർത്തണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.

മരണ മൊഴിയെ തെളിവായി മാത്രമേ സ്വീകരിക്കാവൂ. അതിന്‍റെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷാ വിധി പുറപ്പെടുവിക്കരുതെന്നും കോടതി വിശദീകരിച്ചു.

മരണ സമയത്തെ ഇരയുടെ മാനസികനില ശരിയാണെങ്കിൽ മാത്രമേ മരണ മൊഴിയെ ആശ്രയിക്കാൻ സാധിക്കൂ. ഇപ്പോൾ പരിഗണിക്കുന്ന കേസിൽ അങ്ങനെയല്ലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

ഇസ്‌ലാമുദ്ദീൻ, ഇർഷാദ്, നൗഷാദ് എന്നീ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ ഇവരുടെ അച്ഛനായ ഇർഫാൻ എട്ടു വർഷമായി ജയിലിൽ കഴിയുകയാണ്. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. അലാഹാബാദ് ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇർഫാൻ കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്നാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് കണ്ടെത്തിയത്. പ്രതിയെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇരകളുടെ ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റിരുന്ന സാഹചര്യത്തിലാണ് മൊഴിയെടുത്തതെന്നും, ആ സമയത്ത് അവരുടെ മാനസിക നിലയെക്കുറിച്ച് സംശയമുണ്ടെന്നുമുള്ള പ്രതിയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Share this story