സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

sambar

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കർണാടക കൽബുർഗി ജില്ലയിലെ ചിങ്കേര സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. സ്‌കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ ഏഴ് വയസ്സുകാരി മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. 

ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് കൽബുർഗിയിലെ ഗുർബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. മാതാപിതാക്കളുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച കുട്ടിയെ ബസവേശ്വര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തിൽ സ്‌കൂളിലെ അടുക്കള ജീവനക്കാർ, ഹെഡ്മിസ്ട്രസ്, ഉച്ചഭക്ഷണ പദ്ധതി അസി. ഡയറക്ടർ, അഫ്‌സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു.
 

Share this story