ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയിൽ പൊതുമാനദണ്ഡം ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതി

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയിൽ പൊതുമാനദണ്ഡം ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷമം. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരേ മാർഗനിർദേശം നൽകാൻ ബുദ്ധിമുട്ടാണെന്ന് കോടതി വ്യക്തമാക്കി
ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ആർട്ടിക്കിൾ 227 പ്രകാരം ഹൈക്കോടതികൾക്ക് നടപടി സ്വീകരിക്കാമെന്നും സുപ്രിം കോടതി അറിയിച്ചു. ഇതുസംബന്ധിച്ച നിർണായക നിർദേശങ്ങളും സുപ്രീം കോടതി നൽകിയിട്ടുണ്ട്. എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി ഹൈക്കോടതികൾക്ക് സ്വമേധയാ തെരഞ്ഞെടുക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടത്
നിശ്ചിത ഇടവേളകളിൽ ഹൈക്കോടതി ബെഞ്ചിന് കേസ് ലിസ്റ്റ് ചെയ്യാം. കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കാനും നിർദേശം നൽകാനും ഹൈക്കോടതിക്ക് അധികാരമുണ്ട്. വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളിൽ എംപിമാരോ എംഎൽഎമാരോ പ്രതികളായാൽ അത്തരം കേസുകൾ ഹൈക്കോടതികൾക്ക് വേഗത്തിൽ പരിഗണിക്കാം. വിചാരണ കോടതികൾ അടിയന്തര ഘട്ടങ്ങളിൽ ഒഴികെ കേസ് മാറ്റിവെക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.