ദീപാവലിയോടെ കൊവിഡ് നിയന്ത്രണ വിധേയമാകും: ഹർഷ വർധൻ

ദീപാവലിയോടെ കൊവിഡ് നിയന്ത്രണ വിധേയമാകും: ഹർഷ വർധൻ

ന്യൂഡൽഹി: ദീപാവലിയോടെ രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നും വർഷാവസാനത്തോടെ കൊവിഡ് വാക്സിൻ ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. അനന്തകുമാർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളും സാധാരണക്കാരും മഹാമാരിക്കെതിരേ പൊരുതുകയാണ്.

അതിനു വിജയമുണ്ടാകും. വൈറസ് നമ്മെ പല പാഠങ്ങളും പഠിപ്പിച്ചു. ജീവിത ശൈലിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജാഗ്രത വെടിയരുതെന്നും കൊവിഡ് ഓർമിപ്പിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. വാക്സിൻ പരീക്ഷണത്തിൽ നാം മറ്റാർക്കും പിന്നിലല്ല. ഏഴോ എട്ടോ കൊവിഡ് വാക്സിനുകൾ നാം പരീക്ഷിക്കുന്നുണ്ട്. അതിൽ മൂന്നെണ്ണം മനുഷ്യരിലുള്ള പരീക്ഷണഘട്ടത്തിലെത്തിയിട്ടുണ്ട്.

ഫെബ്രുവരിയിൽ കൊവിഡ് പരിശോധനയ്ക്ക് ഒരു ലാബ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ 1,583 ലാബുകളുണ്ട്. ഇതിൽ ആയിരത്തിലേറെയും സർക്കാർ ലാബുകളാണ്. ദിവസം പത്തു ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്താൻ രാജ്യത്തിനു കഴിയുന്നു- അദ്ദേഹം പറഞ്ഞു.

Share this story