നയങ്ങളെ വിമർശിക്കുന്നത് സർക്കാർ വിരുദ്ധതയല്ല; ദേശസുരക്ഷക്ക് ഭീഷണിയെന്ന് വെറുതെ പറഞ്ഞാൽ പോരാ

supreme court

മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി കൊണ്ട് സുപ്രീം കോടതി നടത്തിയത് നിർണായക പരാമർശങ്ങൾ. സ്വതന്ത്ര മാധ്യമപ്രവർത്തനം പൗരൻമാർക്ക് മുന്നിൽ കഠിനമായ യാഥാർഥ്യങ്ങൾ അവതരിപ്പിക്കുകയും അതുവഴി ഉചിതമായത് തെരഞ്ഞെടുക്കാനും ജനാധിപത്യത്തെ നേർവഴിക്ക് നയിക്കാനും സഹായിക്കുന്നു. ഭരണത്തെ നിർണയിക്കുന്നതിന് വെളിച്ചം വീശുകയും ചെയ്യുമെനന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോഹ്ലി അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു

വിലക്ക് ശരിവെച്ച കേരളാ ഹൈക്കോടതി ഉത്തരവിനെയും സുപ്രീം കോടതി വിമർശിച്ചു. വിലക്ക് ശരിയാണെന്ന ബോധ്യത്തിനുള്ള ഒരു ന്യായവും കാണുന്നില്ല. മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന് ആവശ്യമാണ്. സർക്കാരിന്റെ നയങ്ങളെ വിമർശിച്ചാൽ അത് സർക്കാർ വിരുദ്ധതയില്ല. സർക്കാർ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ തന്നെ ഭരണകൂടത്തെ മാധ്യമങ്ങൾ പിന്തുണക്കണമെന്ന ധ്വനിയാണ് നൽകുന്നതെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു

പൗരന്റെ അവകാശങ്ങൾ ഹനിക്കാൻ ദേശസുരക്ഷാ വാദം ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിൽ ഇതിനോട് യോജിക്കാനാകില്ല. ദേശസുരക്ഷക്ക് ഭീഷണി എന്ന് വെറുതെ പറഞ്ഞാൽ പോരാ. അതിന് വസ്തുതകളുടെ പിൻബലമുണ്ടാകണമെന്നും കോടതി പറഞ്ഞു.
 

Share this story