ദഭോൽക്കറുടെ ഗതി താനും നേരിടും; ശരദ് പവാറിന് വധഭീഷണി
Jun 9, 2023, 15:17 IST

എൻസിപി അധ്യക്ഷൻ ശരദ് പവാറിന് വധഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പാർട്ടി അവകാശപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെ മുംബൈ പൊലീസ് മേധാവിക്ക് പരാതി നൽകി.
നരേന്ദ്ര ദാഭോൽക്കറുടെ ഗതി താനും നേരിടും എന്ന സന്ദേശമാണ് പവാറിന് ലഭിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ നരേന്ദ്ര ദാഭോൽക്കറെ 2013 ഓഗസ്റ്റ് 20-ന് പൂനെയിൽ പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
സമാനമായ രീതിയിൽ പവാറും കൊല്ലപ്പെടുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സുലെ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.