ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സ്കൂളുകളുടെ അവധി വീണ്ടും ദീർഘിപ്പിച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്

Delhi

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളുടെ അവധി വീണ്ടും നീട്ടി. സ്കൂളുകൾക്ക് നവംബർ 10 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഷിതി അറിയിച്ചു. അവധി നീട്ടിയ സാഹചര്യത്തിൽ 6 ക്ലാസ് മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്നതിനാൽ, കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കും നവംബർ 5 വരെ അവധി നൽകിയിരുന്നു.

ഡൽഹിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാരം സൂചിക 460-ന് മുകളിലായിരുന്നു. ഇതിനെ തുടർന്നാണ് സ്കൂളുകൾക്ക് നാളെ മുതൽ വീണ്ടും അവധി നൽകിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് വായു നിലവാരം 400 പിന്നിടുന്നത്. വായു മലിനീകരണം തുടരുന്നതിനാൽ, ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ, മലിനീകരണം കുറയ്ക്കുന്നതിനായി പൊതു ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി 60 ഓളം അധിക സർവീസുകൾ ഡൽഹി മെട്രോ നടത്തുന്നുണ്ട്.

Share this story