ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് പറഞ്ഞതായ വാർത്ത നിഷേധിച്ച് ഡൽഹി പോലീസ്

ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് പറഞ്ഞതായ വാർത്ത നിഷേധിച്ച് ഡൽഹി പോലീസ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് പീഡനക്കേസിൽ ബ്രിജ് ഭൂഷനെതിരെ മതിയായ തെളിവില്ലെന്നും ഇതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നും റിപ്പോർട്ട് ചെയ്തത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന വാർത്തയും ഡൽഹി പോലീസ് നിഷേധിച്ചു
വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വാർത്ത പൂർണമായും തെറ്റാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു.
അതേസമയം തനിക്കെതിരെ ഒരു ആരോപണമെങ്കിലും തെളിഞ്ഞാൽ താൻ തൂങ്ങിമരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കണം. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.