ബിഹാറിൽ മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

vimal

ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രംഗിഗഞ്ച് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിമൽ യാദവിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെയാണ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ റിപ്പോർട്ടറായിരുന്ന വിമൽ യാദവിനെ നാല് പേരടങ്ങുന്ന സംഘം വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ 5.30യോടെ വീട്ടിലെത്തിയ സംഘം വാതിലിൽ മുട്ടുകയും പിന്നാലെ പുറത്തിറങ്ങിയ വിമലിനെ നെഞ്ചിൽ വെടിവെക്കുകയുമായിരുന്നു. ബിഹാറിലെ അരാരിയ ജില്ലയിലായിരുന്നു സംഭവം. 

പ്രതി ചേർക്കപ്പെട്ടവർ 2019ൽ വിമലിന്റെ സഹോദരനെ കൊലപ്പെടുത്തിയവരാണ്. ഈ സംഭവത്തിൽ ഏക ദൃക്‌സാക്ഷിയായ വിമലിനോട് മൊഴി മാറ്റാൻ അന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമാന രീതിയിലായിരുന്നു വിമലിന്റെ സഹോദരനും കൊല ചെയ്യപ്പെട്ടത്.

Share this story