തീവ്രവാദത്തിന് ഒരുതരത്തിലും ന്യായീകരണമില്ല; മാക്രോണിനെ പിന്തുണച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

തീവ്രവാദത്തിന് ഒരുതരത്തിലും ന്യായീകരണമില്ല; മാക്രോണിനെ പിന്തുണച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്ന നയതന്ത്ര, സൈബർ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിഡന്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറിപ്പിറക്കി

മതനിന്ദ ആരോപിച്ച് ഫ്രാൻസിൽ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെയും ഇന്ത്യ അപലപിച്ചു. ഏത് കാരണമായാലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതിനെ മാക്രോൺ രൂക്ഷമായി വിമർശിച്ചിരുന്നു. ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. 1905ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താൻ നിയമപരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും ഇസ്ലാം പ്രതിസന്ധിയിലാണെന്നും മാക്രോൺ പറഞ്ഞിരുന്നു

മാക്രോണിന്റേത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി തുർക്കി, പാക്കിസ്ഥാൻ, ജോർദാൻ, തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നു. മാക്രോണിന്റെ മനോനില പരിശോധിക്കണമെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ ആവശ്യപ്പെട്ടു. ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഇതിനിടയിൽ വ്യാപകമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

Share this story