സ്റ്റേഡിയത്തിൽ ഫംഗസ് ബാധ: ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം പ്രതിസന്ധിയിൽ

ധർമശാല: അടുത്ത മാസം ലോകകപ്പ് ക്രിക്കറ്റിനു തുടക്കം കുറിക്കാനിരിക്കെ ബിസിസിഐക്കു തലവേദനയായി ധർമശാലയിലെ സ്റ്റേഡിയത്തിൽ ഫംഗസ് ബാധ. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം മത്സരയോഗ്യമല്ലെന്ന് ഐസിസി പിച്ച് കൺസൾട്ടന്‍റ് ആൻഡി ആറ്റ്കിൻസൺ റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
സ്ഥിതി മെച്ചപ്പെടുത്തിയെടുക്കാൻ ബിസിസിഐ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഗ്രേഡ് 4 ഫംഗസ് ബാധയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഒക്റ്റോബർ ഏഴിന് ഇവിടെ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിനു മുൻപ് എല്ലാം ശരിയാക്കാമെന്നാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്.
ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലാണ് ധർമശാലയിലെ ആദ്യ മത്സരം. ഒക്റ്റോബർ 22ന് ഇന്ത്യ - ന്യൂസിലൻഡ് മത്സരവും നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഇവിടെയാണ്.
സെപ്റ്റംബർ 20ന് ബിസിസിഐ ഇവിടെ വീണ്ടും പരിശോധന നടത്തും. പുരോഗതിയില്ലെങ്കിൽ വേദി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഐസിസി നിലവാരം അനുസരിച്ചുള്ള മറ്റൊരു വേദി സജ്ജമാക്കുന്നതും എളുപ്പമായിരിക്കില്ല.
ഈ വർഷം ഇതു രണ്ടാം തവണയാണ് ധർമശാല സ്റ്റേഡിയം വിവാദത്തിലാകുന്നത്. കഴിഞ്ഞ മാർച്ചിൽ ഇവിടെ നടത്താനിരുന്ന ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് മത്സരം അവസാന നിമിഷം മധ്യപ്രദേശിലെ ഇന്ദോറിലേക്കു മാറ്റിയിരുന്നു. ഔട്ട്ഫീൽഡിൽ വേണ്ടത്ര പുല്ല് വളരാതിരുന്നതായിരുന്നു കാരണം.
എന്നാൽ, അതിനു ശേഷം രണ്ട് ഐപിഎൽ മത്സരങ്ങൾ ഇവിടെ നടത്തുമ്പോൾ പുല്ല് സമൃദ്ധമായി വളർന്നിട്ടുണ്ടായിരുന്നു