ട്രെയിനിലെ വിദ്വേഷ കൊല: ചേതൻ സിംഗിനെ റെയിൽവേ പോലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Aug 17, 2023, 12:26 IST

ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വിദ്വേഷ കൂട്ടക്കൊല നടത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആർ.പി.എഫ് കോൺസ്റ്റബിളായ ചേതൻ സിങ് ചൗധരിയെയാണ് റെയിൽവേ സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
ജൂലൈ 31ന് ആണ് സംഭവം അരങ്ങേറിയത്. മേലുദ്യോഗസ്ഥനായ ആർപിഎഫ് എ.എസ്.ഐ ടിക്കറാം മീണ, യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
അറസ്റ്റിലായ പ്രതി നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. 33 കാരനായ പ്രതി ട്രെയിനിൽ കൂടുതൽ ആളുകളെ കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു, എന്നാൽ, എസ് 5 കോച്ചിലെ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്നാണ് ആ ശ്രമം നടക്കാതെ പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.