അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ ശീലമാണ്: രാഹുലിന്റെ മാപ്പ് ആവശ്യപ്പെട്ട് ബിജെപി

BJP

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അതിനായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യുകെ പ്രസംഗ വിവാദത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. 

'രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ രാജ്യത്തുടനീളം പ്രചാരണം നടത്തും. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. യുകെയില്‍ നടത്തിയ പരാമര്‍ശം താന്‍ നിഷേധിക്കുന്നുവെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല.'മാധ്യമങ്ങളോട് സംസാരിക്കവെ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

എത്ര കാലം രാഹുല്‍ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കും? ഇന്ത്യയുടെ ജനാധിപത്യത്തില്‍ നിന്നുളള പിന്മാറ്റം അമേരിക്കയും യൂറോപ്പും ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് പോയി ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിച്ച്, ഇന്ത്യക്കാരുടെ വികാരങ്ങളെ അവഹേളിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മിലുളള പോര് തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. നാളെ സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Share this story