ദുരിതമൊഴിയാതെ ഹിമാചൽ; മരണസംഖ്യ 51, നിരവധി പേരെ കാണാനില്ല: രക്ഷാപ്രവർത്തനം തുടരുന്നു

Shimla

ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 51 പേർ മരിച്ചതായി മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. ഷിംലയിലുണ്ടായ മണ്ണിടിച്ചിലിലാണ് 14 പേർ മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് മരിച്ചത് 9 പേരാണ്. കൂടാതെ പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളോട് സുരക്ഷിതരായി വീടിനുള്ളിൽ തന്നെ തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അവിടങ്ങളിൽ നിന്നും മാറണമെന്നും വിനോദസഞ്ചാരികൾ ഈ സമയം സ്ഥലം സന്ദർശിക്കാനെത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


അതേസമയം നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 752 റോഡുകളാണ് ഹിമാചലിൽ അടച്ചിട്ടിരിക്കുന്നത്. ഹിമാചൽ കൂടാതെ ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേരാണ് മരിച്ചത്. 9 പേരെ കാണാതായിട്ടുണ്ട്. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Share this story