അവർ സുഹൃത്തുക്കളല്ലെങ്കിൽ; പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി

Rahul

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഒരുപാട് സത്യങ്ങൾ വെളിപ്പെടുത്തിയതായി രാഹുൽ ഗാന്ധിയുടെ പ്രതികരണം. അദാനി വിവാദവുമായി ബന്ധപ്പെട്ട് താൻ സഭയിൽ നടത്തിയ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടപ്പോൾ, അദാനിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാത്ത നടപടിയിൽ രാഹുൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

"അദ്ദേഹം ഞെട്ടലിലായിരുന്നു. എന്റെ ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. സങ്കീർണമായ ഒരു ചോദ്യവും ഞാൻ ചോദിച്ചിരുന്നില്ല. അദ്ദേഹം (ഗൗതം അദാനി) പ്രധാനമന്ത്രിയോടൊപ്പം എത്ര തവണ പോയെന്നും, എത്ര തവണ അവർ തമ്മിൽ കണ്ടുമുട്ടിയെന്നും മാത്രമാണ് ഞാൻ ചോദിച്ചത്" രാഹുൽ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഞാൻ തൃപ്‌തനല്ലെങ്കിലും അത് സത്യം വെളിപ്പെടുത്തുന്നു. അന്വേഷണത്തെ കുറിച്ച് ഒരു സംസാരവുമുണ്ടായില്ല. അവർ സുഹൃത്തുക്കളല്ലെങ്കിൽ, അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഒരിക്കലെങ്കിലും പറയണമായിരുന്നു. പ്രതിരോധ മേഖലയിലെ ബിനാമി അക്കൗണ്ടുകളിലൂടെയും ഷെൽ കമ്പനികളിലൂടെയും പ്രചരിക്കുന്ന പണത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. പ്രധാനമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്" വയനാട് എംപി കൂടിയായി രാഹുൽ വ്യക്തമാക്കി.

"ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണെന്നും, ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യാത്തതെന്ന് എനിക്ക് മനസ്സിലായി"  രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗ് ഓഹരി കൃത്രിമത്വവും,കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചു രംഗത്ത് വന്നിരുന്നു. ഇത് വിപണിയിൽ അദാനി ഗ്രൂപ്പിന്റെ വൻ തകർച്ചയ്ക്ക് കാരണമായിരുന്നു.

Share this story