സൂര്യ രഹസ്യം തേടി ഇന്ത്യൻ കുതിപ്പ്: ആദിത്യ എൽ വൺ കുതിച്ചുയർന്നു
Sep 2, 2023, 11:58 IST

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ വൺ കുതിച്ചുയർന്നത്. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്.
എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തിക മണ്ഡലത്തെ പറ്റിയും സൂര്യ സ്‌ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസ്സിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.
ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയാക്കി പത്ത് നാൾ തികയുന്നതിന് മുമ്പാണ് മറ്റൊരു നിർണായക ദൗത്യത്തിന് ഐഎസ്ആർഒ തുടക്കം കുറിച്ചിരിക്കുന്നത്. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉള്ളത്.