ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ ആക്രമിച്ച് സ്‌കൂട്ടർ യാത്രികൻ; നടപടിയെടുക്കുമെന്ന് പോലീസ്

isro

ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ റോഡിൽ ആക്രമിച്ച് സ്‌കൂട്ടർ യാത്രികൻ. ശാസ്ത്രജ്ഞനായ ആശിഷ് ലാംബയാണ് ആക്രമിക്കപ്പെട്ടത്. ആശിഷിന്റെ കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. 

ഹെൽമറ്റ് പോലും ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പെട്ടെന്ന് കാറിന് മുന്നിലേക്ക് കയറിയതോടെ ഇടിക്കാതിരിക്കാൻ ആശിഷ് ബ്രേക്ക് ചവിട്ടുകയായിരുന്നു. ബ്രേക്കിട്ടതിന് പിന്നാലെ സ്‌കൂട്ടർ യാത്രികൻ ഇറങ്ങി വന്ന് ചീത്ത വിളിക്കുന്നതും കാറിന്റെ ടയറുകളിൽ ചവിട്ടുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചിട്ടുണ്ട്.
 

Share this story