ജെഡിഎസിന് 50 സീറ്റുകൾ വരെ ലഭിക്കും; നിബന്ധനകൾ അംഗീകരിക്കുന്ന പാർട്ടിയുമായി സഖ്യം: കുമാരസ്വാമി

kumaraswami

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോൺഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന പാർട്ടിയുമായാകും സഖ്യത്തിലേർപ്പെടുകയെന്നും കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ തൂക്കുമന്ത്രിസഭയാകും വരികയെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം

50 സീറ്റുകൾ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന പാർട്ടിയുമായായിരിക്കും ഇത്തവണ സഖ്യമുണ്ടാക്കുകയെന്ന് കുമാരസ്വാമി ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു പ്രതികരണം. പിന്തുണ ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ജെഡിഎസ് മുതിർന്ന നേതാവ് തൻവീർ അഹമ്മദ് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Share this story