അടുത്ത വർഷം മോദി വീട്ടിൽ പതാക ഉയർത്തുമെന്ന് ഖാർഗെയുടെ മറുപടി

National

ന്യൂഡൽഹി: അടുത്ത വർഷം നരേന്ദ്ര മോദി പതാകയുയർത്തുന്നത് വീട്ടിലായിരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഭരണത്തുടർച്ച സൂചിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഖാർഗെ. പ്രധാനമന്ത്രിയുടെ പരാമർശം ധാർഷ്ട്യത്തിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമോ പരാജയപ്പെടുമോ എന്നത് ജനങ്ങളാണ് തീരുമാനിക്കുന്നത്.


2024 ലെ സ്വാതന്ത്ര്യദിനത്തിലും പതാക ഉയർത്തുമെന്ന് ഇപ്പോഴേ പറയുന്നത് അഹങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തിരുന്നില്ല. നേത്രസംബന്ധമായ ചില പ്രശ്നങ്ങൾ മൂലമാണ് ആഘോഷത്തിൽ നിന്ന് വിട്ടു നിന്നതെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരം 9.20 ന് സ്വന്തം വസതിയിൽ പതാക ഉയർത്തേണ്ടിയിരുന്നുവെന്നും അതിനു ശേഷം കോൺഗ്രസ് ഓഫിസിൽ പതാകയുയർത്താൻ എത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ മുൻകരുതലുകൾ കർശനമായിരുന്നു. പ്രധാനമന്ത്രി പോകും മുൻപേ ആരെയും പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ കൃത്യ സമയത്ത് എത്താൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നതിനാൽ ചെങ്കോട്ടയിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഖാർഗെ.

Share this story