വികാരഭരിതനായി ലക്ഷ്മണ്‍ സവാദി; മരിച്ചാല്‍ എന്റെ മൃതദേഹം ബിജെപി ഓഫീസിന് മുമ്പില്‍ വെയ്ക്കരുത്

ബിജെപി വിട്ടതില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി. എനിക്ക് ബിജെപിയില്‍ മടുത്തു. ഞാന്‍ മരിച്ചതിന് ശേഷം എന്റെ മൃതദേഹം ബി.ജെ.പിയുടെ ഓഫീസിന് മുന്നില്‍ കൊണ്ടുപോകരുത്. രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചേരാനുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു, അതിന് നന്ദിയുണ്ടെന്നും സവാദി പറഞ്ഞു. മെയ് 10ന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സവാദി ബിജെപി വിട്ടത്. ഇന്ന് കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേര്‍ന്ന അദ്ദേഹം അത്താണി സീറ്റില്‍ നിന്ന് മത്സരിക്കും.
ബുധനാഴ്ച കര്‍ണാടകയിലെ 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പാര്‍ട്ടി പുറത്തിറക്കിയതിന് പിന്നാലെയാണ് സവാദി ബിജെപിയില്‍ നിന്ന് രാജിവച്ചത്. അത്താണി മണ്ഡലം ടിക്കറ്റ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം നിയമസഭാ കൗണ്‍സില്‍ അംഗത്വവും ബിജെപിയുടെ പ്രാഥമിക അംഗത്വവുമാണ് രാജിവച്ചത്. ഈ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും തന്നെ വിശ്വസിച്ച് അവസരം തന്നവര്‍ക്കുമായി പരാമാവധി പ്രവര്‍ത്തിക്കുമെന്നും സവാദി ഉറപ്പ് നല്‍കി.
'എനിക്ക് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അറിയില്ല... ഞാന്‍ ബി.ജെ.പിയില്‍ കൂറോടെയാണ് പ്രവര്‍ത്തിച്ചത്. ഇനി ഒരു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ തീരുമാനം എടുത്തു. ഭിക്ഷാപാത്രവുമായി കറങ്ങുന്ന ആളല്ല ഞാന്‍. ഞാന്‍ ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരനാണ്. ആരുടെയും സ്വാധീനത്തിലല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു. ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്തനായ സവാദി, യെദ്യൂരപ്പയ്ക്ക് ശേഷം ശക്തനായ ലിംഗായത്ത് നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് കുംതഹള്ളിയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
ഇതിനിടെ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. 'ലക്ഷ്മണ്‍ സവാദിയെക്കുറിച്ച് എനിക്ക് വളരെ സങ്കടമുണ്ട്. രാഷ്ട്രീയത്തില്‍ ഇത് വളരെ സാധാരണമാണ്. അവിടെ ഒരു രാഷ്ട്രീയ ഭാവി കണ്ടാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോയത്. എന്നാല്‍ 60 സീറ്റുകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ല. അതിനാല്‍ അവര്‍ കുറച്ച് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അവരില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു പ്രയോജനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
''ഭരണകക്ഷിയില്‍ ടിക്കറ്റിനുള്ള ആവശ്യം ഉയര്‍ന്നതാണ്. ചിലര്‍ എം.എല്‍.എ ആകാന്‍ മറ്റു പാര്‍ട്ടികളിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടില്ല. ബിജെപി മൂന്നാം പട്ടിക എത്രയും വേഗം പുറത്തിറക്കും. ഞാന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും', ടിക്കറ്റിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ കലാപത്തെയും രാജിയെയും കുറിച്ച് ബൊമ്മൈ പറഞ്ഞു.