ബിബിസി ഇന്ത്യ വിടൂ; ബിബിസി ഓഫീസിന് പുറത്ത് ഹിന്ദുസേന പ്രതിഷേധം: സുരക്ഷ ശക്തമാക്കി

ബിബിസിയുടെ ഡല്‍ഹി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കി. ഒരു സംഘം ഹിന്ദു സേന അംഗങ്ങള്‍ മാധ്യമ സ്ഥാപനത്തിന് പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ന്യൂ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി റോഡിലെ ബിബിസി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) നിരവധി ജവാന്മാരെ ബിബിസി ഇന്ത്യയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന എച്ച്ടി ഹൗസിന് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ബാനറുകളും പ്ലക്കാര്‍ഡുകളുമുള്‍പ്പെടെയാണ് ഹിന്ദു സേന പ്രതിഷേധക്കാര്‍ ബിബിസി ഓഫീസിലെത്തിയത്. ബിബിസി ഇന്ത്യ വിടൂ എന്ന മുദ്രാവാക്യവും വിളിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
അതേസമയം, ആദായനികുതി വകുപ്പ് ഡല്‍ഹിയിലെയും മുംബൈയിലെയും നിരവധി ബിബിസി ഓഫീസുകളില്‍ രണ്ടാം ദിവസവും സര്‍വേ തുടരുകയാണ്. ബിബിസിയിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് സര്‍വേകള്‍ നടത്തുന്നത്. നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബിബിസിയിലെ ഫിനാന്‍സിലെയും മറ്റ് ചില വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുളളത്. സര്‍വ്വേയുടെ ഭാഗമായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ക്ലോണ്‍ ചെയ്തതായി നികുതി വകുപ്പിലെ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ബിബിസി ആദായനികുതി വകുപ്പ് സര്‍വേയിലെ രാഷ്ട്രീയ പ്രതികരണങ്ങള്‍
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' - എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് മാധ്യമ സ്ഥാപനത്തിന് നേരെയുള്ള അടിച്ചമര്‍ത്തല്‍ എന്ന് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചാണ് ഡോക്യുമെന്ററി.
ആദായനികുതി സര്‍വേയെ കോണ്‍ഗ്രസ് അപലപിച്ചു. രാജ്യം ജി-20 ന് ആതിഥേയത്വം വഹിക്കുന്ന സമയത്ത് ഇത്തരം നടപടികളിലൂടെ ഇന്ത്യയുടെ എന്ത് പ്രതിച്ഛായയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണുകളെ തകര്‍ക്കുക എന്നത് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. 'സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' പ്രവര്‍ത്തിപ്പിക്കുമെന്ന് മോദിജി വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അത് 'ഷട്ട് അപ്പ് ഇന്ത്യ' ആയി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ടിഎംസി അധ്യക്ഷ മമത ബാനര്‍ജി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ആദായനികുതി വകുപ്പ് നടപടിയെ വിമര്‍ശിച്ചു.