മണിപ്പൂർ സംഘർഷം; എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്കു കൂടി തടഞ്ഞ് സുപ്രീം കോടതി

supreme court

ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്ക് രണ്ടാഴ്ചത്തേക്കു കൂടി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. സംസ്ഥാനത്ത് മനപ്പൂർവം ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് എഡിറ്റേഴ്സ് ഗിൽഡിലെ നാലു പേർക്കെതിരേ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൈന്യത്തിന്‍റെ ക്ഷണപ്രകാരമാണ് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾ മണിപ്പൂരിലെത്തിയത്. അവർ അവിടെയെത്തിയതിനു ശേഷം നൽകിയ റിപ്പോർട്ട് അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അതെങ്ങനെ സംസ്ഥാനത്ത് സംഘർഷം ആളിക്കത്തിക്കാൻ ഇടയാക്കിയെന്ന് ആരോപിക്കാൻ ആകുമെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കോടതിയിൽ ഹാജരായിരുന്നത്.

Share this story