പബ്ബിൽ യുവതിയോട് അപമര്യാദയായി പെരുമാറി; ഗോവയിൽ ഡിഐജിക്കെതിരെ നടപടി

പബ്ബിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഗോവയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഡി.ഐ.ജി. സ്ഥാനത്തുനിന്ന് നീക്കി. ഗോവ പോലീസിലെ ഡി.ഐ.ജി. എ കോഹാനെതിരെയാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥൻ എത്രയും വേഗം ഡി.ജി.പി.ക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും അണ്ടർ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് പബ്ബിൽ ഡി.ഐ.ജി. യുവതിക്കെതിരേ അതിക്രമം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്.
പബ്ബിൽവെച്ച് യുവതി ഡി.ഐ.ജി.യെ ചോദ്യംചെയ്യുന്നതും തുടർന്ന് ബൗൺസർമാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മദ്യലഹരിയിലായിരുന്ന ഡി.ഐ.ജി.യെ ഒടുവിൽ ബൗൺസർമാർ പബ്ബിലെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. വെളുത്തതൊപ്പി ധരിച്ച് കൈയിൽ മദ്യക്കുപ്പിയുമായാണ് ഡി.ഐ.ജി.യെ ദൃശ്യങ്ങളിൽ കാണുന്നത്.