മൊബൈൽ താരിഫ് വർധന ജൂലൈ 3 മുതൽ; അധിക ചാർജ് ഒഴിവാക്കാൻ കുറുക്കുവഴി

Mobile Tarif

ന്യൂഡൽഹി: മൊബൈൽ താരിഫ് നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ കമ്പനികൾ. ജിയോയും എയർടെല്ലും നിരക്കുവർധന പ്രഖ്യാപിച്ചു കഴിഞ്ഞു. വി ഉടൻ തന്നെ നിരക്കു വർധന പ്രഖ്യാപിച്ചേക്കും. ജൂലൈ 3 മുതൽ പുതിയ നിരക്കു പ്രാബല്യത്തിൽ വരുമെന്നാണ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ 12-15 ശതമാനം വരെയും എയർടെൽ 11-25 ശതമാനം വരെയുമാണ് നിരക്കു വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ജിയോയുടെ പോപ്പുലർ പ്രതിമാസ പ്ലാനായ ദിവസം 1.5 ജിബി ഡേറ്റ ലഭ്യമാകുന്ന 239 രൂപയുടെ പ്ലാൻ 299 രൂപയായി വർധിക്കും. അതായത് 25 ശതമാനം വർധന. ഇത്തരത്തിൽ പ്രതിവാർഷിക ഡേറ്റ പാക്കുകളുടെ കണക്കുകൾ പരിശോധിച്ചാൽ 600 രൂപയുടെ വരെ വർധനയാണ് ഇരു കമ്പനികളും വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ജൂലൈ 3 നു മുൻപേ റീ ചാർജ് ചെയ്യുന്നതിലൂടെ ഈ അധിക ചാർജിൽ നിന്ന് വേണമെങ്കിൽ രക്ഷപ്പെടാം. ജൂലൈ 3 നു മുൻപ് റീചാർജ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് പ്ലാനിൽ കമ്പനി മാറ്റം വരുത്തിയാലും, പ്ലാൻ തന്നെ ഇല്ലാതാക്കിയാലും ഉപഭോക്താവിനെ ബാധിക്കില്ല. ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഇതു ഗുണപ്രദമാകുക.

ജിയോ, എയർടെൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി റീ ചാർജ് ചെയ്യാനുള്ള അവസരം കമ്പനികൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ , പ്രതിവാർഷിക പ്ലാനുകൾ 50 തവണ വരെ മുൻകൂട്ടി റീചാർജ് ചെയ്യാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എത്ര തവണ റീ ചാർജ് ക്യൂ അപ് ആകുമെന്ന് എയർടെൽ വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം ഈ സൗകര്യം വി ഉപഭോക്താക്കൾക്കു ലഭ്യവുമല്ല.

അൺലിമിറ്റഡ് 5 ജി ഡേറ്റ ഓഫറുകളിൽ എയർടെൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ 2 ജിബി പ്ലാൻ മുതൽ മുകളിലോട്ടുള്ള പ്ലാനുകൾക്കായി റീ ചാർജ് ചെയ്യുന്നവർക്കു മാത്രമേ ഇനി ജിയോ അൺലിമിറ്റഡ് 5ജി ഡേറ്റ നൽകുകയുള്ളൂ.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾ‌ക്ക് നിലവിലുള്ള കുറഞ്ഞ പ്ലാനുകൾ തെരഞ്ഞെടുക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നും ലഭ്യമല്ല.

Share this story