നീറ്റ് ചോദ്യപേപ്പർ ചോർന്നത് ദൗർഭാഗ്യകരം; വിഷയം രാഷ്ട്രീയവത്കരിക്കരുത്: പ്രധാനമന്ത്രി

അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരണ്ടിയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗർഭാഗ്യകരമാണ്. 

വിദ്യാർഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. മണിപ്പൂർ കലാപത്തെ കുറിച്ച് സംസാരിച്ച മോദി സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണെന്ന് വിശദീകരിച്ചു. 11,000 എഫ്‌ഐആറുകളാണ് കലാപവുായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും. 

രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം ആളിക്കത്തിക്കുന്നവരെ ജനം തള്ളും. 1993ൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷം അഞ്ച് കൊല്ലം തുടർന്നതും മോദി ഓർമിപ്പിച്ചു.
 

Share this story