കോൺഗ്രസിൽ ചേരുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടി ചാകുന്നതാണെന്ന് നിതിൻ ഗഡ്ഗരി

കോൺഗ്രസിൽ ചേരുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടി ചാകുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറിന്റെ ക്ഷണം നിരസിച്ചാണ് താൻ ഇങ്ങനെ പറഞ്ഞതെന്നും ഗഡ്ഗരി പറഞ്ഞു. താനൊരു നല്ല പാർട്ടിക്കാരനും നേതാവുമാണെന്നും കോൺഗ്രസിലേക്ക് വന്നാൽ ശോഭനമായ ഭാവിയുണ്ടാകുമെന്നും ജിച്കർ പറഞ്ഞു. എന്നാൽ അതിലും നല്ലത് കിണറ്റിൽ ചാടി മരിക്കുകയാണെന്നും ബിജെപിയിൽ അടിയുറച്ച് വിശ്വസിക്കുമെന്നും താൻ മറുപടി നൽകിയെന്നും ഗഡ്ഗരി മഹാരാഷ്ട്രയിലെ ഒരു പരിപാടിയിൽ പറഞ്ഞു
തുടക്കം മുതൽ പിളർന്ന് വലുതായ ചരിത്രമാണ് കോൺഗ്രസിനെന്നത് ആരും മറക്കരുതെന്നും ഗഡ്ഗരി പരിഹസിച്ചു. ആറ് പതിറ്റാണ്ട് നീണ്ട ഭരണത്തിൽ ദാരിദ്ര്യം തുടച്ചുനീക്കുകയെന്ന മുദ്രവാക്യം കോൺഗ്രസ് കൊണ്ടുവന്നു. എന്നാൽ സ്വകാര്യ അഭിവൃദ്ധിക്കായി കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് 60 വർഷം കൊണ്ടുണ്ടാക്കിയ വികസനത്തിന്റെ ഇരട്ടി ബിജെപി സർക്കാർ 9 വർഷം കൊണ്ട് സൃഷ്ടിച്ചെന്നും ഗഡ്ഗരി പറഞ്ഞു.