മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ രണ്ട് മണി വരെ നിർത്തിവെച്ചു
Jul 25, 2023, 12:17 IST

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടു മണി വരെ നിർത്തിവെച്ചു. പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും ആദ്യം പ്രധാനമന്ത്രിയുടെ മറുപടി, അതിനുശേഷം ചർച്ച എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.
വർഷകാല സമ്മേളനം നാലാം ദിവസമായ ഇന്നും ലോക്സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവും ആരംഭിച്ചു. സ്പീക്കർ വിഷയം ചർച്ചയ്ക്ക് എടുക്കാം എന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തിൽ നിന്ന് പിന്മാറിയില്ല. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്.