വിമാനയാത്രക്കിടെ യാത്രക്കാരിയെ തേൾ കുത്തി; ഖേദം അറിയിച്ച് എയർ ഇന്ത്യ

Air india

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുന്ന എഐ 630 വിമാനത്തിലാണ് സംഭവം. ഏപ്രിൽ 23നായിരുന്നു സംഭവം. ചികിത്സ തേടിയ യാത്രക്കാരി അപകടനില തരണം ചെയ്തതായി എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനം പറന്നുയർന്നതിന് ശേഷമാണ് യാത്രക്കാരിയെ തേൾ കുത്തിയത്. 

ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയെന്നും വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ വൈദ്യസഹായം നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിൽ പൂർണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം ഫ്യുമിഗേഷൻ പോലുള്ള പ്രക്രിയകൾ ചെയ്തുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

അപൂർവവും നിർഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്ന് എയർ ഇന്ത്യ പ്രതികരിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിലും വേദനയിലും എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട് നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് പാമ്പിനെ കണ്ടെത്തിയ സംഭവവും വാർത്തയായിരുന്നു.
 

Share this story