മണിപ്പൂരിനെ കുറിച്ച് പറയുമ്പോൾ പ്രധാനമന്ത്രിക്ക് തമാശ; എന്തൊരു ദൗർഭാഗ്യകരമാണിതെന്ന് രാഹുൽ

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇന്നലെ ലോക്സഭയിൽ സംസാരിച്ചത് രണ്ട് മണിക്കൂറും 13 മിനുട്ടുമാണ്. എന്നാൽ, മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത് രണ്ട് മിനുട്ട് മാത്രമാണെന്നും രാഹുൽ പറഞ്ഞു.
മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു. സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. ഇതെല്ലാം പറയുമ്പോൾ പ്രധാനമന്ത്രിക്ക് ചിരിയും തമാശയുമാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ ഇത്തരം നിലപാടുകൾ ദൗർഭാഗ്യകരമാണ്. മണിപ്പൂർ ഇന്നൊരു സംസ്ഥാനമല്ല. അത് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു.
സൈന്യം വിചാരിച്ചാൽ രണ്ട് ദിവസം കൊണ്ട് മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. മണിപ്പൂരിലെ അവസ്ഥക്ക് കാരണം ബി ജെ പിയാണ്. പ്രധാന മന്ത്രിക്ക് കലാപം അവസാനിപ്പിക്കാനല്ല, ആളിപ്പടർത്താനാണ് താത്പര്യം. അതിക്രമങ്ങൾ തുടരട്ടെയെന്നാണോ കേന്ദ്രത്തിന്റെ നിലപാടെന്നും രാഹുൽ പറഞ്ഞു.